Tuesday, May 31, 2016

രണ്ടു മറിയാമ്മമാർക്ക് ഒരു ജേക്കബ് ഫൺ !



പത്ത് ബിയിൽ രണ്ടു മറിയാമ്മമാർ ! മറിയാമ്മ അലീന ജയിംസും മറിയാമ്മ ചാക്കോച്ചനും.

ഒരാൾ പച്ചപ്പയർ വള്ളിയെങ്കിൽ രണ്ടാമത്തെയാൾ ചുവന്നു തുടുത്ത ഉണ്ടമുളക് !

രണ്ടു തോളിലും റോസാപ്പൂ കമിഴ്ത്തി വച്ചതുപോലെ പഫുള്ള വെള്ള ബ്ളൗസും പാദങ്ങൾക്കു ചുറ്റും പൂവിരിയുംമട്ടിൽ ഞൊറിയികളുന്ന പച്ചപ്പാവാടയുമിട്ട് കണ്ണെഴുതി പൊട്ടും തൊട്ട് രണ്ടു മറിമായമാർ.

ഒരേ ക്ളാസിൽ രണ്ടു മറിയാമ്മമാർ ഉണ്ടായൊരിണ്ടലിൽ ജേക്കബ്സൺ അവർക്കു പേരിട്ടു. കോലു മറിയാമ്മയും ഉണ്ട മറിയാമ്മയും !

ബയോളജി ടെക്സ്റ്റിനുള്ളിലെ പൂമ്പാറ്റ സ്കൂളിന്റെ മുറ്റത്തെ ചെമ്പരത്തിപ്പൂവിൽ പറന്നു നിന്ന് പരാഗണം നടത്തുന്ന പടം ബ്ളാക്ക് ബോർഡിൽ വരയ്ക്കാൻ കൃഷ്ണകുമാരി ടീച്ചർ വിളിക്കുന്നത് ജേക്കബ്സണിനെ ആണ്. വരയ്ക്കാൻ അറിയാവുന്നതുകൊണ്ട് അവൻ ക്ളാസിലെ ഹീറോ ആയി. ആരെയും വരയ്ക്കും. ആർക്കും പേരിടും.

അവൻ കോലു മറിയാമ്മയെ ഗൂഢമായി പ്രണയിച്ചിരുന്നു. അതിനു രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. അവളുടെ നഖങ്ങളുടെ ഭംഗിയും അവളുടെ അപ്പന്റെ റബർ തോട്ടങ്ങളും.

കോലു മറിയാമ്മയുടെ അപ്പൻ ജയിംസ് പി. ചാക്കോ വലിയ പണച്ചാക്കായിരുന്നു. സ്കൂൾ ഗ്രൗണ്ടിന്റെ അതിരിൽ ആൺകുട്ടികൾ നിരന്നു നിന്നു മൂത്രമൊഴിക്കുന്ന അമ്ള ഗന്ധമുള്ള കൈത്തോടുണ്ട്. അതിനപ്പുറത്തുനിന്ന് ഒരു കിലോമീറ്ററോളം നീളത്തിൽ പരന്നു കിടക്കുന്ന റബർ തോട്ടം ജയിംസ് പി. ചാക്കോയുടേതാണ്. അവിടത്തെ യൗവനയുക്തകളായ എല്ലാ റബർ മരങ്ങളും രാവിലെയും വൈകിട്ടും അനുസരണയുള്ള പശുക്കളെപ്പോലെ അനങ്ങാതെ നിന്നു പാൽചുരത്തും. പാലുറച്ച് മുഷിഞ്ഞ തോർത്തു പോലുള്ള റബർ ഷീറ്റുകളാക്കി വീട്ടുമുറ്റത്തെ അയകളിൽ ഉണങ്ങാനിടും. അതേ അയയിൽത്തന്നെ മറിയാമ്മ പാവാടയും ബ്ളൗസും നനച്ചു സ്റ്റിഫ്‍ ആൻഡ് ഷൈനിൽ മുക്കി വിരിച്ചിട്ടുണ്ടാവും.

പെൺകുട്ടികളുടെ വസ്ത്രങ്ങളും റബർ ഷീറ്റും ഒരേ അയയിൽ അടുത്തടുത്തു വിരിച്ചിടുന്നത് ഭംഗിയുള്ളൊരു കോട്ടയംകാഴ്ചയാണ്. ഭാര്യയും ഭർത്താവും ഞായറാഴ്ച രാവിലത്തെ വെയിലിനു താഴെ ഒരു കുടക്കീഴിൽ പള്ളിയിലേക്ക് നടന്നു വരുന്നത് ഓർമ വരും.

ഉച്ച സമയത്തെ ബ്രേക്കിന് സ്കൂളിലെ കുട്ടികൾ കൈകഴുകാനും ചോറ്റുപാത്രം കഴുകാനുമൊക്കെ കോലു മറിയാമ്മയുടെ വീട്ടിലെ പൈപ്പിൻ ചുവട്ടിലേക്കോടും. മുറ്റത്തേക്കു കയറുന്നതിനിടെ ഒരിക്കൽ അയയിൽ തലമുട്ടി മറിയാമ്മയുടെ പാവാട ജേക്കബ്സണ്ണിന്റെ തലയിൽ വീണു.

സുഗന്ധമുള്ള ഇരുണ്ട അറയിലൂടെ കടന്നു പോകുന്നതുപോലെ ആ വസ്ത്രം അവന്റെ ഉടലിലൂടെ താഴേക്കു ഊർന്നു വീണു.
പിന്നെ ആ സുഗന്ധത്തിൽ നിന്ന് അവൻ പുറത്തു വന്നില്ല.

പിറ്റേന്ന് മലയാളം വ്യാകരണത്തിന്റെ ക്ളാസിൽ ഇരിക്കുമ്പോൾ ജേക്കബ്സൺ‌ പകർത്തു ബുക്കിൽ പലതരം പാവാടകളുടെ പടം വരച്ചുകൊണ്ടിരുന്നു. അവയൊക്കെ തലയിണകളാക്കി കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നത് സ്വപ്നം കണ്ടിരുന്ന അവനെ ചന്ദ്രശേഖരൻ സാർ വിളിച്ചുണർത്തി.. ‌

സാർ ചോദിച്ചു.. മറ്റൊന്നിൻ ധർമയോഗത്താൽ അതു താനല്ലയോ ഇത് എന്ന നിന്റെ ഈ തോന്നൽ അത്ര ശരിയല്ലല്ലോ... ഇത് യാരുടെ പാവാട ?

സ്വപ്നത്തിന്റെ അയയിൽ തലകീഴായി തൂങ്ങിക്കിടന്നു കൊണ്ട് അവൻ പറഞ്ഞു.. മറിയാമ്മയുടേതാണു സാർ !

രണ്ടു മറിയാമ്മമാരും ഒരുപോലെ കൂമ്പി.

ബെല്ലടിച്ചപ്പോൾ ടീച്ചർമാരെ കാണിക്കാൻ ചന്ദ്രശേഖരൻ സാർ ആ പാവാടകളെല്ലാം ടീച്ചേഴ്സ് റൂമിൽ കൊണ്ടുപോയി.

അന്ന് ഉച്ചബ്രേക്കിന് അടുത്തു കണ്ടപ്പോൾ ജേക്കബ്സൺ ഉണ്ട മറിയാമ്മയോട് അവന്റെ നിരപരാധിത്വം വ്യക്തമാക്കി... തെറ്റിദ്ധരിക്കരുത്. ഞാൻ സിസ്റ്ററുടെ കാര്യമല്ല ഉദ്ദേശിച്ചത്.

അവനെ അമ്പരപ്പിച്ചുകൊണ്ട് അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് ക്ളാസിലേക്ക് ഓടി... ഇതിലും ഭേദം എന്നെയങ്ങു കൊല്ലാമായിരുന്നു. ഞാൻ എന്തെല്ലാം വിചാരിച്ചതാ..

ജേക്കബ്സണിന് ഒന്നും മനസ്സിലായില്ല.

അതായിരുന്നു ക്ളാസിൽ അന്നത്തെ ചിന്താവിഷയം... എന്തിനായിരിക്കാം ഉണ്ട മറിയാമ്മ കരഞ്ഞത് ?

എല്ലാവരും പറ‍ഞ്ഞു.. അവൾക്ക് ജേക്കബ്സണിനോടു ലവ് ആണ്.

ജേക്കബ്സൺ സങ്കടത്തിലായി.. എനിക്ക് ലവ് കോലു മറിയാമ്മയെയാണ്.

അപ്പോൾ നീ ഉണ്ട മറിയാമ്മയെ എന്തു ചെയ്യും ?

അന്നേരം ബെല്ലടിച്ചു. എല്ലാവരും ഗ്രൗണ്ടിലേക്ക് ഓടി.

സ്കൂൾ ഗ്രൗണ്ടിൽ ദിവസവും വൈകുന്നേരം പന്തുകളിയുണ്ട്. തുണിക്കുള്ളിൽ പഞ്ഞി നിറച്ചുണ്ടാക്കുന്ന നാടൻപന്തു കൊണ്ടാണ് കളി. റബർ പാലിൽ മുക്കി ഉണങ്ങിയെടുത്താൽ പന്തിന് നല്ല ബലം കിട്ടും. ടാപ്പിങ് ജോലിക്കാർ ഇല്ലാത്ത തക്കം നോക്കി സ്കൂളിനടുത്തുള്ള റബർ തോട്ടങ്ങളിൽ കയറി ചിരട്ടകളിൽ വീഴുന്ന പാലിൽ തുണിപ്പന്തു മുക്കിയെടുക്കുകയാണ് കുട്ടികളുടെ പരിപാടി.

ഒരിക്കൽ കോലുമറിയാമ്മയുടെ അപ്പന്റെ ജോലിക്കാർ ജേക്കബ്സണ്ണിനെ പാലുകുടിച്ച പന്തുസഹിതം പിടികൂടി. മൂർച്ചയുള്ള ടാപ്പിങ് കത്തിയുടെ വായ്ത്തല കാണിച്ചിട്ടു പറ‍ഞ്ഞു.. ഇനി തോട്ടത്തിൽ കേറിയാൽ ചെത്തിക്കളയും നിന്റെ സുനാമണി !

ആ അപമാനം അവന് സഹിക്കാൻ പറ്റിയില്ല. അവൻ ഞങ്ങളോടു പറഞ്ഞു.. എന്റെ മറിയാമ്മയുടെ അപ്പന്റെ തോട്ടം എന്റേം തോട്ടമാണ്. ഞാൻ കയറും.

എങ്ങനെ കയറുമെന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു.. നിങ്ങൾ കണ്ടോ കളി..

അന്നു വൈകുന്നേരം ജോലിക്കാർ പോയ തക്കം നോക്കി ജേക്കബ്സൺ തോട്ടത്തിൽ കയറി റബർപ്പാൽ വീഴുന്ന നാലഞ്ചു ചിരട്ടകളിൽ മൂത്രമൊഴിച്ചു വച്ചു.

പിറ്റേന്ന് ക്ളാസിൽ വച്ചു കണ്ടപ്പോൾ കോലു മറിയാമ്മയുടെ മുഖത്തൊരു കള്ളച്ചിരി അവൾ പറഞ്ഞു... അപ്പൻ കണ്ടു.. കണ്ടു..

അവൻ ഞെട്ടിപ്പോയി.. എന്ത് ?

...ത്രം.. റബർ ചിരട്ടേല്.. ഇന്നലെ സന്ധ്യയ്ക്ക്.. ഞാൻ കാലുപിടിച്ചിട്ടാ.. ഇല്ലെങ്കിൽ ഇന്ന് അപ്പൻ സ്കൂളിൽ വന്നേനെ..

കുട്ടി എന്തു പറഞ്ഞു ?

ജേക്കബ്സൺ നല്ല സ്റ്റുഡ‍ന്റാണ്‌‍. ചെറിയ കുസൃതിയൊക്കെയുണ്ടെന്നേയുള്ളൂ.. നന്നായി വരയ്ക്കും എന്നൊക്കെ പറഞ്ഞു.

അങ്ങനെ ജേക്കബ്സണ്ണിനോട് കോലു മറിയാമ്മയ്ക്കും ആരാധന കലശലായി. സ്വന്തം അപ്പന്മാരെ വെല്ലുവിളിക്കുന്ന ആൺകുട്ടികളോട് എല്ലാ ക്രിസ്ത്യാനി പെൺകുട്ടികൾക്കും തോന്നുന്ന ആരാധന.

അന്ന് സ്കൂൾ വിട്ട് ഉണ്ട മറിയാമ്മ വീട്ടിലെത്തിയപ്പോൾ അവളുടെ മമ്മി റോസക്കുട്ടി ചാക്കോച്ചൻ വനിതയിലെ പാചക റാണിയാവാൻ തയാറെടുക്കുകയായിരുന്നു.
വനിതയ്ക്ക് അയച്ചു കൊടുക്കാനായി ഓരോ ദിവസവും അടുക്കളയിൽ പുതിയ പുതിയ പാചക പരീക്ഷണങ്ങൾ അരങ്ങേറി.

ഇന്നലെ ചിക്കനും വാഴക്കൂമ്പും ചേർത്ത് ലാളിച്ചൊരു ഇറച്ചിക്കറിയാണെങ്കിൽ ഇന്ന് താളും പയറും മൂപ്പിച്ച എണ്ണയിൽ താളിച്ചെടുത്ത കൂട്ടാൻ, നാളെ മുട്ടത്തോരൻ കൊണ്ട് മൂന്നുവട്ടം പൂവിട്ട് അതിനു ചുറ്റും നാലു ലെയറിൽ കശുവണ്ടിക്കഷണങ്ങളും കിസ്മിസും കൊണ്ട് അലുക്കിട്ട കറി .. അങ്ങനെയങ്ങനെ..

ഓരോ ലഞ്ച് ബ്രേക്കിനും തുറക്കുമ്പോൾ ഓരോ കറിയുടെ സുഗന്ധവുമായി ഉണ്ട മറിയാമ്മയുടെ ലഞ്ച് ബോക്സ് ക്ളാസിലെ മാജിക് ബോക്സായി.

ലഞ്ച് ബോക്സിൽ കറികളെടുക്കുമ്പോൾ മമ്മിയെ സോപ്പിട്ട് ഒരൽപം കൂടി അവൾ പകർന്നെടുത്തു. തൊട്ടടുത്തിരിക്കുന്ന വാകത്താനംകാരി ടെസ്സയ്ക്കെന്നു വീട്ടിൽ കള്ളം പറയുകയും അത് ടെസ്സയ്ക്കു കൊടുക്കാതെ ജേക്കബ്സണ്ണിന്റെ ചോറ്റു പാത്രത്തിൽ ഇട്ടു കൊടുക്കുകയും ചെയ്തു.

ആയിടയ്ക്കാണ് ജേക്കബ്സണ്ണിന്റെ ബുക്കിനിടയിൽ നിന്ന് കൃഷ്ണകുമാരി ടീച്ചർ പ്രേമലേഖനം പിടിച്ചത്.
ആ കത്തിൽ ആരുടെയും പേര് ഉണ്ടായിരുന്നില്ലെങ്കിലും ആർക്കെന്നു തിരിച്ചറിയാനുള്ള ഒരു സൂചന അതിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു. മറഞ്ഞിരുന്നാലും മനസ്സിന്റെ ഉള്ളിൽ മലരായ് വിരിയുന്നു നീ എന്ന സിനിമാപ്പാട്ടുകൊണ്ട് എഴുതിത്തുടങ്ങുന്ന ആ കത്തിലെ മ എന്ന അക്ഷരങ്ങൾക്കെല്ലാം കോലു മറിയാമ്മയുടെ മുഖം !

പിറ്റേന്ന് ഒന്നുമറിയാത്ത മട്ടിൽ ഉണ്ട മറിയാമ്മ ചിക്കൻ കറി കൊണ്ടു വന്ന് ഷെയർ ചെയ്യുമ്പോൾ ജേക്കബ്സണിനു ചമ്മൽ തോന്നി. അവൻ പറഞ്ഞു വേണ്ട.

എന്നിട്ടും അവൾ നിർബന്ധം വിളമ്പി.

ആദ്യത്തെ ചിക്കൻ പീസ് കഴിച്ചപ്പോൾ തന്നെ ജേക്കബ്സൺ കരയാൻ തുടങ്ങി.

അവൾ ചോദിച്ചു.. ഇന്നത്തെ ചിക്കൻ ഉണ്ടാക്കിയത് മമ്മിയല്ല, ഞാനാ.. നല്ലതല്ലേ.. ?

അവൻ പറഞ്ഞു.. അതേ.. ഭയങ്കരമായിട്ട് നല്ലതാ..

പിന്നെന്തിനാ കുട്ടി കരയുന്നെ ?

അവൻ പറഞ്ഞു.. എരിച്ചിട്ട്. എന്തിനാ ഇത്രയും മുളകു ചേർത്തത്..?

ഉണ്ട മറിയാമ്മയും കരയാൻ തുടങ്ങി.

ജേക്കബ്സൺ ചോദിച്ചു.. മറിയാമ്മ എന്തിനാ കരയുന്നെ ?

അവൾ പറഞ്ഞു.. നെഞ്ചെരിച്ചിട്ട്.. എന്നെക്കാൾ നിനക്ക് ഇഷ്ടം ആ കോലു മറിയാമ്മയോടല്ലേ. അതുകൊണ്ട് നീ എന്റെ കൂടെ കരയുന്നത് എനിക്കു കാണമെന്നു തോന്നി.

മുറ്റത്തെ മഴയ്ക്കും കരച്ചിൽ വന്നു. പിന്നെ മൂന്നു ദിവസം നിർ‌ത്താതെ മഴ പെയ്തു. സൂര്യനെ പുറത്തെങ്ങും കണ്ടില്ല. സ്കൂളുകളിലെല്ലാം വെള്ളം കയറി. കലക്ടർ നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ടിൽത്തൊട്ട് മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു.

മൂന്നാം നാൾ സൂര്യൻ വീണ്ടും സ്കൂൾ തുറന്നു.

അന്ന് ഉണ്ട മറിയാമ്മയുടെ ലഞ്ച് ബോക്സിൽ അവൾക്കു മാത്രമുള്ള ഇറച്ചിക്കറിയേ ഉണ്ടായിരുന്നുള്ളൂ..

Page 2


പതിനെട്ടു വയസ്സുള്ള പിച്ചിപ്പൂ മാല സോഫയിൽ വീണു കിടന്നതുപോലെ സ്വീകരണമുറിയിൽ ഉച്ചമയക്കത്തിലായിരുന്നു ട്രീസ..

വേനൽ വെയിൽ പൊന്നിൻകുരിശും വെള്ളിക്കുടയുമെടുത്ത് പെരുന്നാൾ പ്രദക്ഷിണത്തിനിറങ്ങിയ നട്ടുച്ച. ഡാഡി പള്ളിക്കമ്മറ്റിക്കും മമ്മി തങ്കമ്മക്കൊച്ചമ്മേടെ മോൾക്ക് സ്വർണമെടുക്കാൻ ജോസ്കോയിലും പോയിരിക്കുന്ന സമയം.

വീട്ടിൽ ട്രീസ തനിച്ചായിരുന്നു.

ഝിൽൽ എന്ന് ശബ്ദം കേട്ടുണർന്ന അവൾ ഞെട്ടിപ്പോയി.. എന്റെ കർത്താവേ.. ! ഇതു സത്യമാണോ ! ടിവിയുടെ റിമോട്ട് അവൾക്കു നേരെ ചൂണ്ടി മുറിക്കുള്ളിൽ നിൽക്കുകയാണ് താടി വച്ച ഒരു ചെറുപ്പക്കാരൻ ... ശബ്ദിക്കരുത് ! അനങ്ങിയാൽ ഠിഷ്യൂം... !

അവൾ അന്തംവിട്ടു ചാടിയെണീറ്റു.. അയ്യോ ! ദുൽഖർ സൽമാൻ ! അതു ടീവീടെ റിമോട്ടല്ലേ.. !

ദുൽഖർ സീരിയസായി പറഞ്ഞു.. നോ ! ഞാൻ കള്ളൻ... ഇതു തോക്ക് !

ട്രീസയ്ക്ക് പൊതുവേ കള്ളന്മാരെ പേടിയാണ്. ബെഡ്റൂമിന്റെ ജനാലകൾ രാത്രിയിൽ തുറന്നിടുമ്പോൾ ഒടിഞ്ഞ വാഴയിലകളുടെ അനക്കം പോലും അവളുടെ ഉറക്കം കളയാറുണ്ട്. ഇതിപ്പോൾ ചിരിച്ചുകൊണ്ട് ഇങ്ങനെ ചോദിക്കാനാണ് അവൾക്കു തോന്നിയത്.. കൊച്ചുകള്ളനാ.. !?

അല്ല, പെൺകുട്ടികളുടെ ഹൃദയം കള്ളത്താക്കോലിട്ട് തുറക്കുന്ന കള്ളൻ !

അവൾ ചമ്മി.. എനിക്ക് ഓർലിയെ ചാർമ വരുന്നു.

അതുകേട്ട് ദുൽഖർ പൊട്ടിച്ചിരിച്ചു.

തഴച്ചു വളർന്ന താടിരോമങ്ങളിലെവിടെയോ കൂടുവച്ചിരുന്ന നീലക്കുരുവികൾ ആ ചിരികേട്ട് പറന്നുയരുന്നതു ട്രീസ കണ്ടു.

ബെല്ലടിച്ചില്ല. വാതിലും ഗേറ്റുമെല്ലാം അട‍ഞ്ഞ് അതേപടി. അപ്പോൾ എങ്ങനെ ഉള്ളിൽ കയറി ? മതിൽ ചാടിയോ ?

ദുൽഖർ പറഞ്ഞു.. ഗേറ്റിൽ നിന്റെ ഡാഡി എഴുതി വച്ചിട്ടുണ്ടല്ലോ, പട്ടിയുണ്ട് സൂക്ഷിക്കുക ! അപ്പോൾ ഏതെങ്കിലും കള്ളൻ മതിൽ ചാടുമോ.. ?

അതിന് ആ ബോർഡ് വച്ചതിനുശേഷം ഞങ്ങളുടെ ടൈഗർ കുരയ്ക്കാറില്ലല്ലോ. പട്ടിയെന്നു വിളിച്ചത് അവന് ഇഷ്ടമല്ല.

സ്വീകരണ മുറിയിലേക്ക് ആരുമറിയാതെയുള്ള ആ വരവ് ദുൽഖർ വിശദീകരിച്ചു.. ബെഡ്റൂമിനു പിന്നിലെ പൈൻ മരത്തിൽ കയറി. അതിനെ ഒരു മഴവില്ലാക്കി ടെറസിൽ കൊണ്ടു മുട്ടിച്ചു. പിന്നെ വാഷ്റൂമിന്റെ കിളിവാതിലിലൂടെ അവളുടെ ബെഡ്റൂമിലേക്ക് ഇറങ്ങി. അങ്ങനെ ദാ.. ഇവിടെ.. നിന്റെ മുന്നിൽ..

ട്രീസയ്ക്ക് ആ വരവ് ഇഷ്ടപ്പെട്ടു. അതിൽ ഒരു ഹീറോയിസമുണ്ട്. ആരെയും അറിയിക്കാതെ പെൺകുട്ടികളുടെ ബെ‍ഡ്റൂമിലേക്ക് എത്താനുള്ള കൃത്യം റൂട്ട് !

എന്തിനാ എന്റെ വീട്ടിൽത്തന്നെ കയറിയേ ?

കുറെ നാളായി നിന്നെ വാച്ച് ചെയ്യുകയായിരുന്നു. പല ആംഗിളിൽ. പല രൂപങ്ങളിൽ..

പല ആംഗിളുകളിലോ ! അവൾ ആലോചിച്ചു. ഇന്നലെ വൈകിട്ട് പയ്യാനി മരത്തിലിരുന്ന് ഓട്ടക്കണ്ണിട്ട കാക്ക, പള്ളിയിലെ മണിക്കൂടാരത്തിന്റെ തൂണുകളിലെവിടെയോ ഒളിച്ചിരുന്നു കുറുകിയ പ്രാവ്, പറമ്പിൽ നിൽക്കുമ്പോൾ പിന്നിൽ നിന്നു പറന്നു വന്ന് ബ്ളൗസിൽ തന്നെയിരുന്ന ചിത്രശലഭം.. ഇതൊക്കെ ദുൽഖറായിരുന്നോ ! കറന്റ് കട്ടിന്റെ സമയം നോക്കി ബെഡ് റൂമിൽ വന്ന മിന്നാമിന്നിയോ?

എല്ലാം ഞാൻ തന്നെ.. അഹം ദുൽഖർ സൽമാസ്മി..

എന്നെ വാച്ച് ചെയ്തിട്ട് എന്താ തോന്നിയെ ?

നീ ഭയങ്കര കള്ളിയാണെന്ന് !

അവളുടെ മുഖം റോസാപ്പൂ പോലെ തുടുത്തു.. ചുമ്മാ ഉടായ്പ് പറയരുത് ! ദുൽഖറാണെന്നൊന്നും ഞാൻ നോക്കില്ല.

അവൻ തെളിവുകൾ നിരത്തി.. ഫെയ്സ്ബുക്കിൽ പല പേരിൽ നാല് അക്കൗണ്ടുകൾ, ഡാഡിയും മമ്മിയും അറിയാതെ രണ്ട് ഇ മെയിൽ, വാട്സാപ്പിനു മാത്രമായി ഒരു കള്ളസിം.. ഇനിയും വേണോ തെളിവുകൾ..

ട്രീസ ഞെട്ടിപ്പോയി. ശരിക്കും സേതുരാമയ്യരുടെ മകൻ സിബിഐ തന്നെ.. !

അവൾ ചോദിച്ചു.. എന്താ ഈ വരവിന്റെ ലക്ഷ്യം ..? മോഷണം.. അതോ മറ്റെന്തെങ്കിലും..

രഹസ്യത്തിന്റെ കൂടു തുറക്കുന്നതുപോലെ ദുൽഖർ പറഞ്ഞു... അതൊരു രഹസ്യമാണ്. നീ ആരോടെങ്കിലും പറയുമോ ?

പറയും ! മരിച്ചു പോയ എന്റെ വല്യമ്മച്ചിയോട്.. ചുമ്മാ തള്ളാതെ കാര്യം പറ..

ദുൽഖർ പറഞ്ഞു. കള്ളത്താക്കോലിട്ട് നിന്റെ മനസ്സു തുറക്കാൻ.. വിനീത് ശ്രീനിവാസന്റെ അടുത്ത സിനിമയാണ് കള്ളത്താക്കോൽ. അതിൽ കള്ളന്റെ റോളാണ് എനിക്ക്. പെൺകുട്ടികളുടെ മനസ്സു മോഷ്ടിക്കുന്ന കള്ളൻ. ആ സിനിമയ്ക്കു വേണ്ടിയുള്ള ട്രെയിനിങ്ങാണ് ഈ മോഷണം..

അവൾക്കു വിശ്വസിക്കാനേ പറ്റിയില്ല... സത്യമാണോ ഈ പറയുന്നതൊക്കെ !

ദുൽഖർ പറ‍ഞ്ഞു.. റോളിന്റെ പെർഫെക്‌ഷനുവേണ്ടി ഹോളിവുഡ് നടന്മാർ പലതരം സർപ്രൈസുകൾ ചെയ്യാറുണ്ട്. ഇവിടെ കമലഹാസൻ അങ്കിൾ ഒരിക്കൽ കുമരകത്ത് ഒരു വീട്ടിൽ വന്ന് ഒരാഴ്ച താമസിച്ചു. പശുക്കറവക്കാരൻ തമിഴനായിട്ട്. പശു പോലും അറിഞ്ഞില്ല. അതിനു ശേഷമാ പുള്ളി വിരുമാണ്ടി എന്ന സിനിമ ചെയ്തത്. അതിനു കിട്ടി നാഷനൽ അവാർഡ് രണ്ടെണ്ണം ! അഞ്ജലി മേനോൻ ബാംഗ്ളൂർ ഡെയ്സിന്റെ ഷൂട്ടിങ്ങിനു മുമ്പ് ഇത്തരം ചില ട്രിക്കുകളൊക്കെ പരീക്ഷിച്ചിരുന്നു.

അക്കാര്യം വനിതയിൽ വായിച്ചത് ട്രീസയ്ക്ക് ഓർമ വന്നു. അതിനിടെയാണല്ലോ ഫഹദും നസ്രിയയുമായി ലവ് ആയത്.

ട്രീസ ചോദിച്ചു.. ആരാ ഹീറോയിൻ ? ആ മലരാണോ? അവളെക്കാണുമ്പോൾ എനിക്കു കലി വന്നു തുടങ്ങി കേട്ടോ...

ഇതുവരെ തീരുമാനിച്ചില്ലെന്നു ദുൽഖർ.. ചിലപ്പോൾ മലർ, അല്ലെങ്കിൽ കതിർ !

സ്വീകരണമുറിയിലൂടെ ഒരു ആൺശലഭത്തെപ്പോലെ ദുൽഖർ ചുറ്റിക്കറങ്ങി. ഭിത്തിയിലിരുന്ന് രണ്ടു പേർ‌ അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കോട്ടും സ്യൂട്ടും ധരിച്ച ഒരു വൃദ്ധനും സ്വർണക്കണ്ണട വച്ച് ചട്ടയും മുണ്ടുമണിഞ്ഞ ഒരു വൃദ്ധയും..

ദുൽഖർ സംശയിച്ചു.. ഇതാരാ.. ?

ട്രീസ പറഞ്ഞു.. എന്റെ ഗ്രാന്റ് പേരന്റ്സ്. ജോർജ്കുട്ടി അപ്പച്ചനും ചിന്നുക്കുട്ടി അമ്മച്ചീം..

ചിന്നുക്കുട്ടി അമ്മച്ചിയെയും ട്രീസയെയും ദുൽക്കർ മാറി മാറി നോക്കി.. നിന്റെ അതേ കണ്ണുകൾ ! അതേ നീണ്ട മൂക്ക്. പക്ഷേ നിന്റെ കഴുത്തിലെപ്പോലെ പ്ളാസ്റ്റിക് മാല അല്ല.. അവൾക്ക് ചമ്മൽ തോന്നി.. അമ്മച്ചീടെ ഓർണമെന്റ്സ് ഒക്കെ ട്രഡീഷണലാ.. അതൊക്കെ അലമാരിയിലാ.. എന്റെ മനസമ്മതത്തിനും കല്യാണത്തിനും ഇടാൻ വച്ചേക്കുവാ.

ദുൽഖർ കണ്ണടച്ച് ആലോചനകളുടെ മധുരം നുണയുന്നതു കണ്ട് ട്രീസ ചോദിച്ചു.. കള്ളൻ, എന്താ സ്വപ്നം കാണുന്നെ.. ?

ആ ആഭരണങ്ങളൊക്കെ ഇടുമ്പോൾ ചിന്നുക്കുട്ടി അമ്മച്ചീടെ കൊച്ചിനെ കാണാൻ എങ്ങനെയുണ്ടായിരിക്കും എന്ന് ആലോചിക്കുവാ ഞാൻ. നല്ല സൂപ്പറായിരിക്കും..

ആഭരണങ്ങളിൽ തൊട്ടുള്ള കളി വേണ്ട.. ഡാഡീം മമ്മീം അറിഞ്ഞാൽ കൊല്ലും..

ആരും അറിയില്ല. ഞാനല്ലേ പറയുന്നെ..നിനക്കെന്നെ വിശ്വാസമില്ലെങ്കിൽ.. എങ്കിൽ വേണ്ട...

ദുൽഖർ സൽ‌മാനെ വിശ്വാസമില്ലാത്ത പെൺകുട്ടിയോ ! അതു മാത്രം താങ്ങില്ല. അവൾ പറഞ്ഞു.. ഞാൻ ട്രൈ ചെയ്യാം.. പിന്നെ ചിന്നുക്കുട്ടി അമ്മച്ചീടെ പോലെ ചട്ടയും മുണ്ടും ഉടുക്കാനൊന്നും എനിക്കറിയില്ല, കേട്ടോ.. അത്രയ്ക്കൊന്നും എക്സ്പെക്ട് ചെയ്യരുത്.

ദുൽ‌ഖർ ചിരിച്ചു. എക്സൈറ്റഡായി ബെഡ്റൂമിലേക്ക് ഓടുമ്പോൾ അവൾ വിളിച്ചുപറഞ്ഞു.. . ഫൈവ് മിനിറ്റ്സേ.. ചുമ്മാ അലമ്പൊന്നും കാണിക്കരുത്. ഈ സോഫയിൽ.. അനങ്ങാതെ ഇരുന്നോണം..

സോഫയുടെ അടുത്തുള്ള പീഠത്തിൽ വിശുദ്ധ ഗൗരവത്തോടെ സത്യവേദപുസ്തകം ഇരുന്നിരുന്നു. അതിന്റെ ഇടത്തും വലത്തും കാവൽ നിന്ന മെഴുകുതിരികൾ ശബ്ദം താഴ്ത്തി പ്രാർഥിച്ചുകൊണ്ടിരുന്നു.. ഇവൻ ചെയ്യുന്നത് എന്തെന്ന് ഇവനറിയുന്നില്ല.. ഇവനോടു ക്ഷമിക്കേണമേ..

ബെഡ്റൂമിൽ നിന്ന് ഇറങ്ങി വന്നത് ചെന്തീ പോലൊരു മാലാഖയായിരുന്നു. ട്രീസയുടെ കഴുത്തിൽ കാശുമാലകൾ ഇളകി, വളകൾ കൊഞ്ചി, കമ്മലുകൾ ഒളിമിന്നി. കൊലുസുകൾ നൃത്തംചെയ്തു..

ദുൽഖർ വിസ്മയിച്ചു.. ഇത്രയും സൗന്ദര്യമുള്ള നീ ക്യാമറകൾക്കു മുന്നിൽ നിന്ന് എവിടെയാണ് ഇതുവരെ ഒളിച്ചിരുന്നത് ! ട്രീസാ, നിന്നെ ഒന്നു ഞെട്ടിച്ചോട്ടെ. ! നീയാണ് ഈ സിനിമയിലെ ഹീറോയിൻ..!

അവളതു കേട്ട് സഹജവും സുന്ദരവുമായ നാണത്തിലേക്കു സ്വയം കൂമ്പി.. പിന്നെ കേൾക്കാൻ കാത്തിരുന്ന സംഗീതം കാതിൽ വന്നു വീണ നിമിഷത്തിലെന്ന പോലെ മയങ്ങിപ്പോയി. മമ്മിയുടെ കരച്ചിൽ കേട്ടാണ് ട്രീസ ഉണർന്നത്.

‍ഡാഡി പാന്റ്സിൽ തീ പിടിച്ചതുപോലെ ഫോൺ ചെയ്തു കൊണ്ട് ഓടിനടക്കുന്നു.. വിളക്കുകൾ‌ ഞെട്ടിയുണർന്നിരുന്നു. വീട് ആകെ പേടിച്ചതുപോലെ. ആരൊക്കെയോ അടക്കം പറയുന്നു.

ആദ്യം അവൾക്കൊന്നും മനസ്സിലായില്ല. പിന്നെ ആ വിവരമറിഞ്ഞു.. വീട്ടിൽ കള്ളൻ കയറി.. ഗോൾ‍ഡ് മുഴുവൻ കൊണ്ടുപോയി.

പൊലീസ് വന്നു. മുറികളിലൂടെ മണം പിടിച്ചു ചവിട്ടിയരച്ചും കയറിയിറങ്ങി നടന്നു.

ഡാഡിയോട് ഇൻസ്പെക്ടർ പറയുന്നത് ട്രീസ കേട്ടു... ഇപ്പോളത്തെ കള്ളന്മാർ പല ടെക്നിക്കുകളും പ്രയോഗിക്കും... പല വേഷങ്ങളിലും വരും. ആരെയെങ്കിലും സംശയമുണ്ടോ ? ട്രീസയ്ക്ക് എന്തൊക്കെയോ വിളിച്ചു പറയണമെന്നു തോന്നി. വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്നു. കഴിഞ്ഞ രാത്രി ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് അവൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

അവളുടെ ബെഡ്റൂമിനു പിന്നിൽ തല കുനിച്ചു നിന്ന പൈൻ മരത്തിനു ചുറ്റും ഓടിനടന്ന് പൊലീസ് നായ ആകാശത്തേക്കു നോക്കി കുരച്ചുകൊണ്ടേയിരുന്നു.

No comments:

Post a Comment